അമരപ്പയര്‍

അമരക്ക, ലാബ് ലാബ്, ഇന്ത്യന്‍ ബീന്‍, ഹയാസിന്ത് ബീന്‍  എന്നീ പേരുകളില്‍ അറിയപ്പെടുന്ന അമരപ്പയര്‍ (Dolichos purpureus) കേരളത്തിലെ വീട്ടുവളപ്പുകളില്‍ കൃഷി ചെയ്യാവുന്ന  പയറുവര്‍ഗ്ഗ വിളകളിലൊന്നാണിത്. അടുക്കളത്തോട്ടങ്ങളില്‍ വാര്‍ഷിക വിളയായും അതിരുകളില്‍ ബഹുവര്‍ഷ വിളയായും ഇത് കൃഷി ചെയ്യാം. ഉഷ്ണ മിതോഷ്ണ കാലാവസ്ഥയുള്ള പ്രദേശങ്ങളില്‍ അമര നന്നായി വളരും.
പകല്‍ദൈര്‍ഘ്യം കുറഞ്ഞ ശീതകാലത്താണ് പടരുന്ന ഇനങ്ങള്‍ കൃഷി ചെയ്യുന്നതിന് അനുയോജ്യം. കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളേജില്‍ വികസിപ്പിച്ചെടുത്ത ഉല്പാദനശേഷി കൂടിയ രണ്ട് അമരപ്പയര്‍ ഇനങ്ങളാണ് ഗ്രേസ്, ഹിമ എന്നിവ നേരത്തെ വിളവെടുക്കാന്‍ പാകമാകുന്ന ഋതുബദ്ധ ഇനമാണ് ഗ്രേസ്. വയലറ്റ് നിറമുള്ള തണ്ടും ഇളം വയലറ്റ് ഇലകളുമാണ്  ഈ ഇനത്തിന് നാടന്‍ ഇനത്തില്‍ നിന്ന് നിര്‍ദ്ധാരണത്തിലൂടെ വികസിപ്പിച്ചെടുത്ത ഈ ഇനം ഹെക്ടറിന് ശരാശരി 15 ടണ് വിളവ് നല്‍കും. ചെറുതായി വളഞ്ഞ കായ്കള്‍ക്ക് പച്ചകലര്‍ന്ന വയലറ്റ് നിറമാണ്. വിളവ് ഹെക്ടറിന് ശരാശരി 14.82 ടണ്‍. ഹിമയും ഗ്രേസും കേരളത്തിലെ മധ്യമേഖലാ ദില്ലകളില്‍ കൃഷി ചെയ്യുന്നതിന് കൂടുതല്‍ അനുയോജ്യം. 
ഇനങ്ങള്‍
പടര്‍ന്നു വളരുന്ന ഇനങ്ങളും കുറ്റി ഇനങ്ങളും അമരയിലുണ്ട്. പടര്‍ന്നുവളരുന്ന ഇനങ്ങളില്‍ ഒട്ടുമിക്കതും ഋതുബദ്ധമായ ഇനങ്ങളാണ്. പകല്‍ദൈര്‍ഘ്യം കുറഞ്ഞ  കാലാവസ്ഥയില്‍ മാത്രമേ അവ പുഷ്പ്പിച്ച് വിളവ് നല്‍കുകയുള്ളു. വേനല്‍ക്കാലത്ത് ഈ ഇനങ്ങള്‍ കൃഷി ചെയ്യാന്‍ യോജിച്ചവയല്ല എന്നാല്‍ കുറ്റിയിനങ്ങളില്‍ ചിലത് പകല്‍ദൈര്‍ഘ്യം പ്രശ്‌നമാകാറില്ല. തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത കോ-6, കോ-7, കോ-8, കോ-9, കോ-10 , കോ-11, കോ-12 എന്നീ ഇനങ്ങളും അര്‍ക്ക ജയ്, അര്‍ക്ക വിജയ് എന്നീ ഇനങ്ങളും കുറ്റിയിനങ്ങളാണ്. ഈ ഇനങ്ങള്‍ ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാം.  

നടീൽ രീതി
മറ്റ് പയറുവര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യുന്നത് പോലെ അമരയും വിത്ത് നേരിട്ട് പാകിയാണ് കൃഷി ചെയ്യുന്നത്. തടങ്ങള്‍ എടുത്താണ് അമരപ്പയറിന്റെ കൃഷി. പടരുന്ന ഇനങ്ങളെങ്കില്‍ 1.25*.75 അകലത്തില്‍ തടങ്ങള്‍ എടുത്ത് നാല്- അഞ്ച് വിത്ത് പാകണം വിത്ത് മുളച്ച് തൈകളാകുമ്പോള്‍ കരുത്തുള്ള രണ്ട് മൂന്നെണ്ണം ഒരു തടത്തില്‍ നിലനിര്‍ത്തണം. ചെടികള്‍ വളരുന്നതനുസരിച്ച് പന്തലിടണം. കുറ്റി അമരയാണ് കൃഷി ചെയ്യുന്നതെങ്കില്‍ 60 സെന്റീമീറ്റര്‍ ഇടവിട്ട് വരമ്പുകളും ചാലുകളും എടുത്ത് അതില്‍ 15 സെന്റീമീറ്റര്‍ അകലത്തില്‍ വിത്ത് പാകാവുന്നതാണ്.

വളപ്രയോഗവും ജലസേചനവും
കുഴികളില്‍ ജൈവവളവും മേല്‍മണ്ണിട്ട് മൂടിയതിന് ശേഷം വിത്തുകള്‍ നടണം. മഴക്കാലം കഴിയുന്നതോടെ അമരക്ക് നനച്ച് കൊടുക്കണം. ഒരു ഹെക്ടറിലേക്ക് 20 ടണ്‍ ജൈവവളം, 110 കിലോഗ്രാം യൂറിയ, 350 കിലോഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ് , 85 കിലോഗ്രാം പൊട്ടാഷ് എന്നിവ വളമായി ചേര്‍ക്കണം. മുഴുവന്‍ ജൈവവളം, പകുതി യൂറിയ, മുഴുവന്‍ സൂപ്പര്‍ ഫോസ്‌ഫേറ്റ് , പകുതി പൊട്ടാഷ് എന്നിവ അടിവളമായി നല്‍കാം. ബാക്കി യൂറിയ, പൊട്ടാഷ് എന്നീ വളങ്ങള്‍ ചെടി വളരുന്ന സമയത്തും പുഷ്പ്പിക്കുന്ന സമയത്തും ചേര്‍ത്ത് കൊടുത്താല്‍ മതി.
വെള്ളം കെട്ടിനില്‍ക്കുന്നത് അമരയ്ക്ക് നല്ലതല്ല. വേനല്‍ക്കാലത്ത് ആവശ്യത്തിനുള്ള ജലസേചനം മാത്രം നല്‍കിയാല്‍ മതി. അമരയില്‍ പൂ കൊഴിയുന്നതും കായ്പിടുത്തം കുറയുന്നതും ഒരു സ്ഥിരം പ്രശ്‌നമാണ്. ചെടികള്‍ പൂക്കുന്ന സമയത്ത് ഹെക്ടറിന് 45 കിലോഗ്രാം എന്ന നിരക്കില്‍ യൂറിയ ചേര്‍ത്തതിന് ശേഷം നനയ്ക്കുന്നത് പൂ കൊഴിച്ചില്‍ കുറയ്ക്കും. ഇതേ സമയത്ത് 0.1 ശതമാനം വീര്യത്തില്‍ കാല്‍സ്യം ക്ലോറൈഡ് , 100 പിപിഎം വീര്യത്തില്‍ നാഫ്തലിന്‍ അസറ്റിക് ആസിഡ് എന്നിവ തളിക്കുന്നതും പൂ കൊഴിച്ചില്‍ കുറയ്ക്കും. കളയെടുപ്പും യഥാസമയത്ത് നടത്തണം. പടരുന്ന ഇനങ്ങള്‍  മഞ്ഞു കാലമാകുന്നതോടെ പൂത്തുതുടങ്ങും. പൂവിരിഞ്ഞ് രണ്ടാഴ്ച്ചയോടെ കായ്കള്‍ വിളവെടുക്കാം. പച്ചക്കറിയായി ഉപയോഗിക്കുമ്പോള്‍ കായ്കള്‍ മൂത്ത് നാര് വെക്കുന്നതിന് മുമ്പു തന്നെ ഉപയോഗിക്കണം. എന്നാല്‍ തീരെ ഇളംപ്രായത്തില്‍ വിളവെടുത്താല്‍ ഉല്പാദനം കുറയും. വിത്തെടുക്കാന്‍ മൂപ്പെത്തിയ കായ്കള്‍ ചെടിയില്‍ തന്നെ നിര്‍ത്തി, ഉണങ്ങിക്കഴിയുമ്പോള്‍ വിളവെടുക്കണം. 

കീട-രോഗ നിയന്ത്രണം 
അമരയില്‍ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണം കൂടുതലായി കണ്ടുവരുന്നു. മണ്ഡരി, മുഞ്ഞ എന്നിവയുടെ ആക്രമണം നിയന്ത്രിക്കുന്നതിന് പുകയിലക്കഷായം തയ്യാറാക്കി തളിച്ച് കൊടുക്കാം. അമരയെ ഇടയ്ക്കിടെ  ബാധിക്കാറുള്ള കുമിള്‍ രോഗമാണ് ഇലപ്പൊട്ട്. ഇലകളില്‍ ചെറിയ പൊട്ടുകള്‍ കാണപ്പെടുന്നതാണ് ആദ്യ രോഗലക്ഷണം. ക്രമേണ ഈ പൊട്ടുകള്‍ വലുതായി ഇലകള്‍ മഞ്ഞളിച്ച് കൊഴിഞ്ഞ് പോകുന്നു. രോഗം ബാധിച്ച ഇലകള്‍ നശിപ്പിച്ച് കളയണം. ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം എന്നനിരക്കില്‍ സ്യൂഡോമോണാസ് കലക്കി തളിക്കുന്നത് ഇതിനെതിരെ ഫലപ്രദമാണ്.

ഒരു പച്ചക്കറി വിളമാത്രമല്ല. അമര  ആവരണവിള, പച്ചില വളം, കന്നുകാലികളുടെ തീറ്റ എന്നിങ്ങനെ ആവശ്യങ്ങള്‍ക്ക് ഇതുപയോഗിക്കാം. മണ്ണിന്റെ ഫലപുഷ്ടി വര്‍ധിപ്പിക്കുന്ന അമര മണ്ണൊലിപ്പ് തടയുന്നതിനും വളര്‍ത്താം പശുക്കളിലും ആടുകളിലും പാലുല്പാദനം ഇത് കൂട്ടും.

കൂടുതൽ വിവരങ്ങൾക്ക്:
അമരപ്പയർ തോരൻ എങ്ങനെ ഉണ്ടാക്കാം
അമരപ്പയർ കറി ഉണ്ടാക്കുന്നവിധം 
അമരപ്പയർ ഉപ്പേരി 
കാർഷിക സർവകലാശാല പോർട്ടൽ 
അമരപ്പയർ- kerala plants
Lablab bean- wikipedia

അഭിപ്രായങ്ങള്‍

  1. അമരപ്പയറും ചീനി അമരയും വ്യത്യസ്ത വിള അല്ലെ. ചിലപ്പോൾ പ്രാദേശിക വ്യത്യാസം ആയിരിക്കും. ഇവിടെ തിരുവനന്തപുരത്തു ചീനി അമര വീതി കുറഞ്ഞ ലേശം കയ്പു കലർന്ന സ്വാദുള്ള മറ്റൊരു പയർ ആണ്.
    Anyway this article was very informative

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കംമെന്റിനു നന്ദി. പ്രാദേശിക വ്യത്യാസങ്ങൾ മൂലം ഉള്ള ആശയകുഴപ്പം ഒഴിവാക്കാനാണ് എല്ലാ ലേഖനങ്ങളിലും ശാസ്ത്രീയ നാമം ഉൾപെടുതാൻ ഞങ്ങൾ ശ്രമിക്കുന്നത്. ചീനി അമരയെ (ക്ലസ്റ്റർ ബീൻ/cluster bean) കുറിച്ച് ഭാവിയിൽ ഒരു ലേഖനം ഉൾപ്പെടുത്താം.

      ഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മധുരക്കിഴങ്ങ്

ഞാവൽ